കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ വാർഷികം.

കുടിയാനെ ജന്മിയാക്കിയ ഒരു പാതിരിയുടെ ചരമ വാർഷികം.
Dec 28, 2024 04:40 PM | By PointViews Editr

               തമ്പ്രാനെന്ന് വിളിപ്പിക്കും, പാളേൽ കഞ്ഞി കുടിപ്പിക്കും എന്ന് ധാർഷ്ഠ്യം പറഞ്ഞിരുന്ന ജന്മിത്വത്തെ കേരളത്തിൽ ഇല്ലാതാക്കിയ ഒരു വിപ്ലവകാരിയുടെ ചരമവാർഷികമാണ് ഇന്ന്. (ഡിസംബർ 28). ഫാ. ജോസഫ് വടക്കൻ എന്ന കത്തോലിക്കാ പുരോഹിതൻ മരിച്ചിട്ട് ഇന്ന് 22 വർഷം പൂർത്തിയാകും. അതു പോലെ, ആ വിപ്ലവകാരി അടിത്തറയിട്ട ഒരു നിയമത്തിൻ്റെ 55-ാം വാർഷികമാണ് 2025 ജനുവരി 1. ജന്മിത്വവും കുടിയായ്മയും അവസാനിപ്പിച്ചത് തങ്ങളാണെന്ന് വീരവാദം മുഴക്കുന്ന കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ വെറും തള്ളൽ വീരൻമാർ മാത്രമാണെന്ന് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാൻ ഒരവസരം കൂടിയാണിത്. സംഘടിത തമസ്കരണത്തിലൂടെ മറച്ചു വയ്ക്കപ്പെട്ട ഒരു വിപ്ലവ മുത്താണ് ആ കത്തോലിക്കാ പുരോഹിതനെന്ന് തുറന്നു പറയാൻ സമുദായവും ധൈര്യം കാണിക്കുന്നില്ല. അതിനാൽ ഈ പാതിരിയുടെ ജീവചരിത്രം ഒന്നു വായിച്ചെടുക്കാൻ വിവരവും ബുദ്ധിയും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ആധുനിക സമൂഹം ഒരു നിമിഷം മാറ്റിവയ്ക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ കമ്യൂണിസ്റ്റ്‌ കഷണങ്ങൾ എല്ലാം ഒന്നായിരുന്ന കാലത്താണ് 1957 ൽ, ബാലറ്റിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ ലോകത്തിൽ ആദ്യമായി അധികാരത്തിൽ എത്തിയത്. അതും ഈ കേരളത്തിൽ. ഏലംകുളത്ത് മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ബ്രാഹ്മണ കുലജാതൻ്റെ നേതൃത്വത്തിലാണ് ആ 'കമ്യൂണിസ്റ്റ് ഏക കക്ഷി' മന്ത്രിസഭ ഉണ്ടാക്കിയത്. ജന്മിത്വത്തെ നിലനിർത്തി കുടിയാനെ ഒതുക്കി നിർത്തി ഒരു കാർഷികബന്ധ നിയമമൊക്കെ തല്ലി കൂട്ടി എന്നതൊഴിച്ചാൽ ഒരുപകാരവും ആ മന്ത്രിസഭയുടെ കാലത്ത് ഉണ്ടായില്ല. വിമോചന സമരത്തിലൂടെ ആ ആഢ്യ മന്ത്രിസഭ പുറത്താക്കപ്പെടുമ്പോൾ നേട്ടമെന്ന് പറയാൻ വട്ടപ്പൂജ്യം മാത്രമായിരുന്നു ബാക്കി. അന്ന് ആ മന്ത്രിസഭയെ പുറത്താക്കാൻ വിമോചന സമരം നടത്തിയവരിൽ മുൻപന്തിയിൽ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു ഉണ്ടായിരുന്നത്. അയാളാണ് ഫാ. വടക്കൻ എന്ന് കേരള ജനത വിളിച്ചു വന്നിരുന്ന ഫാ.ജോസഫ് വടക്കൻ. വീരവാദം വിളമ്പുന്ന കമ്യുണിസ്റ്റ് പാർട്ടി പിന്നീട് പല കഷണങ്ങളായി മാറിയത്തുടർ ചരിത്രം. ഒന്നാം സർക്കാർ വളരെ ആസൂത്രിതമായി ഒരു കാർഷികബന്ധ നിയമമൊക്കെ തല്ലി കൂട്ടിയെങ്കിലും ജന്മിത്വവും ജന്മിയും പിന്നീടും സസുഖം വാഴ്ച തുടർന്നു. കുടിയാൻ, പിന്നെയും കുടിയാൻ മാത്രമായി. ജന്മിമാർക്കും സർക്കാരിനും തോന്നിയപ്പോൾ ഒക്കെ, മഴയും വെയിലും നോക്കാതെ, കുടിയാനൊന്നും കൊടുക്കാതെ, കുടിയിറക്കുകൾ നടത്തികൊണ്ടിരുന്നു. ചുരുളി കീരിത്തോടും, കൊട്ടിയൂരും ഒക്കെ കുടിയിറക്ക് നടത്തിയത് ഒന്നാമത്തെ ആ കമ്യുണിസ്റ്റ് ഏകകക്ഷി ഭരണ കാലത്തിന് ശേഷവും നില നിന്ന ജന്മിത്വ വ്യവസ്ഥയുടെ അവശേഷിക്കുന്ന കഷണങ്ങൾ നടത്തിയ നീക്കങ്ങൾ കൊണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ ഒരേയൊരു കമ്യുണിസ്റ്റ് നേതാവ് ഇഎംഎസ് ആയിരുന്നില്ല. പിന്നെയോ? അത് പഴയ ഒരു കോൺഗ്രസുകാരനായിരുന്ന സഖാവ് എ.കെ. ഗോപാലനായിരുന്നു. ആ എ.കെ.ഗോപാലന് കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുത്തത് ആകട്ടെ, കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് പ്രവർത്തിക്കുകയും, ലോകത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്തു കളയാൻ നേതൃത്വം നൽകിയ അതേ കത്തോലിക്കാ പുരോഹിതനായ, പഴയ കോൺഗ്രസ് നേതാവ് കൂടിയായിരുന്ന, ഫാ. ജോസഫ് വടക്കനായിരുന്നു. കമ്യൂണിസ്റ്റായ എകെജിയും കമ്യൂണിസ്റ്റ് വിരുദ്ധനായ ഫാ.വടക്കനും ചുരുളി കീരിത്തോട്ടിൽ ഇരുവരും സമരത്തിൽ ഒന്നു ചേർന്നു. പിന്നീട് കൊട്ടിയൂരിലും തുടർന്ന് കേരളത്തിൽ പലയിടത്തും കേരളത്തിന് ഗൂഡല്ലൂരിലും കർണാടകയിലും വരെ കർഷക കുടിയിറക്ക് വിരുദ്ധ സമരങ്ങളിൽ ആ പഴയ കോൺഗ്രസുകാർ ഒന്നിച്ചു പോരാടി. അപ്പോഴും ഒരാൾ കമ്യൂണിസ്റ്റായും മറ്റേയാൾ കമ്യൂണിസ്റ്റ് വിരുദ്ധനായും തന്നെ തുടർന്നു. നീണ്ട ഏഴ് വർഷക്കാലം അവർ സമര മുഖങ്ങളിൽ ഒന്നിച്ചു പോരാടി. ഒടുവിൽ 1967ൽ ഏഴ് കക്ഷികളുടെ മുന്നണി ഉണ്ടാക്കി കേരളത്തിൻ്റെ ഭരണം വീണ്ടും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ നിലവിൽ വന്നു. ആ സപ്ത കക്ഷി മുന്നണിയിൽ കമ്യൂണിസ്റ്റ് വിരുദ്ധനായ ഫാ. വടക്കൻ്റെ പാർട്ടിയും സാക്ഷാൽ കമ്യൂണിസ്റ്റ് പാർട്ടിയും പങ്കാളികളായി എന്നതും ഒരു വൈരുധ്യാധിഷ്ഠിത വാദമായി മാറി. ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. കെ.ആർ.ഗൗരി റവന്യു വകുപ്പ് മന്ത്രിയായി. കർഷകകുടിയിറക്കുകൾക്ക് പരിഹാരം കണ്ടെത്താൻ ഭൂപരിഷ്കരണ നിയമമുണ്ടാക്കാൻ മുന്നണി തീരുമാനിച്ചു. അതിനായി ഒരു പത്തംഗ സമിതിയെ നിയോഗിച്ചു. ആ സമിതിയെ നയിച്ചത് ഫാ. ജോസഫ് വടക്കനായിരുന്നു. ആ സമിതി എഴുതി തയാറാക്കിയ വ്യവസ്ഥകൾ ചേർത്ത് 1968 സെപ്‌റ്റംബറിൽ ഭൂപരിഷ്കരണ നിയമം നിയമസഭയിൽ അവതരിപ്പിച്ചു. ആ നിയമം തയാറാക്കിയതിന് ശേഷമാണ് ഇന്നത്തെ നിലയിൽ സാധാരണക്കാരനും കർഷകനും സ്വന്തമായി തുണ്ട് ഭൂമിയെങ്കിലും സ്വന്തമായി ലഭിച്ചതും കൃഷിയും വീട് നിർമാണവും സ്വതന്ത്രമായി നടത്തുവാൻ അവകാശം ലഭിച്ചതും.

1967‑ലെ സപ്തകക്ഷി മുന്നണി സർക്കാർ മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് അധികാരമേറ്റത്. മിനിമം പരിപാടിയിലെ ഏറ്റവും പ്രധാന ഇനമായിരുന്നു ഭൂപരിഷ്കരണം. ആ സപ്ത കക്ഷികളിൽ ഒന്ന് ഫാ. ജോസഫ് വടക്കൻ സ്ഥാപിച്ച കർഷക തൊഴിലാളി പാർട്ടി (കെ ടി പി )യായിരുന്നു. കർഷകരുടെയും കർഷക തൊഴിലാളികളുടെയും സുരക്ഷയ്ക്കും പോരാട്ടത്തിനുമായി രൂപീകരിച്ച കെടിപിക്ക് 4 എംഎൽഎമാരായിരുന്നു ആ നിയമസഭയിൽ ഉണ്ടായിരുന്നത്. അതിൽ ബി.വെല്ലിംഗ്ടൺ ഇഎംഎസ് മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രിയായി. ഒരു പഞ്ചായത്തിൽ ഒരു സർക്കാർ ആശുപത്രി എന്ന ആശയം മുന്നോട്ടുവച്ചത് അദ്ദേഹമാണ്. ഈ മന്ത്രിസഭ അധികാരത്തിൽ വന്ന് 18 മാസം കഴിഞ്ഞ് ഭൂപരിഷ്കരണ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വീണ്ടും ഒരു വർഷം കഴിഞ്ഞാണ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് വന്നത്. മുന്നണിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് 32 മാസം ഭരണത്തിലിരുന്ന സപ്തകക്ഷി മുന്നണി സർക്കാർ രാജിവെക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് ബിൽ നിയമസഭ പാസാക്കിയത്. സപ്ത കക്ഷി മുന്നണിയിൽ നിന്ന് പുറത്തു പോയ സിപിഐ 1969 നവംബർ ഒന്നിന് കോൺഗ്രസ് പിന്തുണയോടെ അധികാരത്തിൽ വന്നു. സി. അച്യുത മേനോൻ്റെ നേതൃത്തതിലുള്ള മന്ത്രിസഭ നിലവിൽ വന്നു. ആ കാലത്താണ് 1970 ജനുവരി ഒന്നിന്, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് പ്രസിഡന്റിന്റെ അനുമതി ലഭിച്ചത്. ഇത് കേരള നിയമ നിർമ്മാണ ചരിത്രത്തിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായമാണ്. നിയമത്തിന്റെ എല്ലാ വകുപ്പുകളും 1970 ജനുവരി 1 ന് തന്നെ നിലവിൽവന്നു. അതോടെയാണ് ജന്മിത്വവും കുടിയായ്മയും കേരളത്തിൻ്റെ മണ്ണിൽ പൂർണ്ണമായി ഇല്ലാതായത്.

ഇനിയും ഫാദർ വടക്കനിലേക്ക് ചെല്ലാം -

1930 കളുടെ രണ്ടാം പകുതി മുതൽ തൃശൂരിലും പിന്നീട് കേരളത്തിലാകെയും രാഷ്ട്രീയ-സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായി നിന്ന ജോസഫ് വടക്കൻ പ്രാഥമിക വിദ്യാഭ്യസം പൂർത്തിയാക്കിയ ശേഷം പല തരം തൊഴിലുകൾ ചെയ്യുകയും കോൺഗ്രസിൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിൽ എല്ലാ പ്രവർത്തനങ്ങൾക്കും ഇടവേള നൽകി അദ്ദേഹം കത്തോലിക്കാ പുരോഹിതനാകാൻ വേണ്ടി സെമിനാരിയിൽ ചേർന്നു. എന്നാൽ സാമൂഹിക അനീതികൾക്കെതിരെ പോരാടുന്ന അദ്ദേഹത്തിൻ്റെ സ്വഭാവം തിരിച്ചറിഞ്ഞ കത്തോലിക്കാ സഭാ നേതൃത്വം പതിവുകൾ തെറ്റിച്ച് സെമിനാരി വിദ്യാർഥിയായിരുന്ന ജോസഫ് വടക്കന് സ്വതന്ത്ര സന്നദ്ധ സാമുഹിക സേവന പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകി. അതോടെ ജോസഫ് വടക്കൻ ബ്രദർ വടക്കൻ എന്നറിയപ്പെടാൻ തുടങ്ങി. ഭവന രഹിതർക്കായി സോഷ്യൽ ആക്ഷൻ എന്ന പദ്ധതിയും പരസഹായത്തിന് പണം കണ്ടെത്താൻ ലോട്ടറി സമ്പ്രദായവും കണ്ടെത്തി പരീക്ഷണം തുടങ്ങിയത് അക്കാലത്താണ് എങ്കിലും പുരോഹിതനായതോടെ അതെല്ലാം പ്രാവർത്തികമാക്കി. ഈ രണ്ട് പദ്ധതികളിൽ നിന്നും ആവേശം ഉൾക്കൊണ്ടാണ് പിന്നീട് സംസ്ഥാന സർക്കാർ ലക്ഷം വീട് പദ്ധതിയും കേരള ലോട്ടറിയും ആരംഭിച്ചത്. പ്രശസ്തരായ ഒട്ടേറെ മാധ്യമ പ്രവർത്തകരെ വാർത്തെടുത്ത തൊഴിലാളി പത്രം, മലയോര ശബ്ദം വാരിക, ടെമ്പസ്റ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങൾ സാമൂഹ്യ പ്രവർത്തന കാലത്ത് തുടങ്ങിയതാണ്. അതോടെ ഫാദർ വടക്കൻ എന്ന പേരിൽ അദ്ദേഹം പ്രശസ്തനായി.

ഒറ്റ നോട്ടത്തിൽ പരിശോധിച്ചാൽ ലഭിക്കുന്ന അദ്ദേഹത്തിൻ്റെ ജീവിതരേഖ ഇത്രയും മാത്രമാണ്. ഫാ. ജോസഫ് വടക്കൻ 1919 ഒക്ടോബർ 1 ന് ജനിച്ചു. മരണം 2002 ഡിസംബർ 28നും. സ്വാതന്ത്ര്യസമര സേനാനിയും കർഷക തൊഴിലാളി പാർട്ടി എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനുമാണ് ഫാദർ വടക്കൻ. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ മാർച്ചുകൾക്കും സത്യാഗ്രഹങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അറസ്റ്റ് വരിക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാമൂഹിക പ്രവർത്തന കാലത്തെ ചില വിഷയങ്ങളെ തുടർന്ന് കത്തോലിക്കാ പുരോഹിതനായിരുന്ന അദ്ദേഹത്തിന് ഒരു സന്ദർഭത്തിൽ സഭ ഭ്രഷ്ട് കൽപ്പിക്കുകയും വിലക്ക് ഏർപ്പെടുത്തുകയും വരെ ചെയ്തിട്ടുണ്ടു്.

തൊയക്കാവിലെ വടക്കൻ ഇട്ടിക്കുരുവിന്റെയും കുഞ്ഞില ഇട്ടിക്കുരുവിന്റേയും മകനാണ് ഫാദർ ജോസഫ് വടക്കൻ. അദ്ധ്യാപകനായി ജോലിചെയ്തിരുന്ന യുവപ്രായത്തിൽ മറ്റു അദ്ധ്യാപകരെ സംഘടിപ്പിച്ചു കൊണ്ട് ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കുചേർന്നു. 'തൊഴിലാളി' എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു വന്ന ആഴ്ചപ്പതിപ്പ് പിന്നീട് ദിനപത്രമായി വളർന്നു. 1958-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയുണ്ടായ വിമോചന സമരത്തിൽ ജോസഫ് വടക്കൻ പ്രധാന പങ്കുവഹിച്ചു. എന്നാൽ മറ്റു ചില പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലനുമായി അദ്ദേഹം ഒരുമിച്ചു നിന്നു. പിന്നീട് കേരളത്തിലെ കുടികിടപ്പ് കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കുകയും ബി.വെല്ലിംഗടനുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപവൽകരിക്കുകയും ചെയ്തു. കേരളം കണ്ട മികച്ച പ്രഭാഷകരിൽ ഒരാളും നിരവധി പുസ്തകങ്ങളുടെ രചയിതാവും മികച്ച മാധ്യമ പ്രവർത്തകനും അതോടൊപ്പം നല്ലൊരു കർഷകനും കൂടിയായിരുന്നു അദ്ദേഹം.


കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെല്ലാം

വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ ഈ കത്തോലിക്കാ പുരോഹിതനെ ഇന്ന് സ്വന്തം മണ്ണിൽ വീട് നിർമിച്ച്, അതിൽ സ്വാതന്ത്ര്യത്തോടെ കിടന്നുറങ്ങുന്ന ഓരോ മലയാളിയും സ്മരിക്കേണ്ടതാണ്. ഭൂമിയുടെ മേൽ കർഷകനുള്ള അവകാശം സർക്കാരിൻ്റെ ചില വകുപ്പുകളും കോർപറേറ്റുകളും ബാങ്കുകളും മാഫിയകളും ഒക്കെ ചേർന്ന് കയ്യടക്കാൻ ശ്രമിക്കുകയും, കർഷകരും സാധാരണക്കാരും അപ്രഖ്യാപിത കുടിയിറക്കുകൾ നേരിടേണ്ടി വരികയും ചെയ്യുന്ന കാലമാണിത്. മനുഷ്യനേക്കാൾ വന്യജീവികൾ പൗരാവകാശം ആസ്വദിക്കുന്ന കാലവും കൂടിയാണിത്.

കേരള ജനത ഇന്ന് വിഭാഗീയത, വർഗ്ഗസിദ്ധാന്തവ്യതിയാനം എന്നിവയാൽ നട്ടം തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. സാമൂഹിക സമത്വം, അടിസ്ഥാന അവകാശബോധം എന്നിവയിൽ നിന്ന് സാധാരണക്കാർ ആട്ടിയകറ്റപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെ വീണ്ടും നമ്മുടെ നാട് സഞ്ചാരം തുടങ്ങിയിരിക്കുകയാണ്. കപട വ്യവസ്ഥിതികളെ ചോദ്യം ചെയ്യാൻ ഇവിടെ ആരുമില്ലാതാകുമ്പോൾ പ്രതിസന്ധികളുടെ മുൻകാല ചരിത്രത്തിൽ എന്താണുള്ളത് എന്ന് തിരയേണ്ടി വരുമ്പോൾ മാത്രമാണ് പറയപ്പെടാതെ പോകുന്ന ചില വിപ്ലവ ചരിത്രങ്ങൾ പുറത്തു വരുന്നത്. അത്തരമൊരു ചരിത്രം തിരച്ചിൽ ചെന്നെത്തുന്നത്

പിന്തുടരാൻ ആരുമില്ലാതെ വന്നതിനാൽ തമസ്കരിക്കപ്പെട്ടു പോകുന്ന ചില തിളക്കമുള്ള നക്ഷത്രങ്ങളിലേക്കാണ്. വിസ്മൃതരായ നിരവധി സാമൂഹ്യ പരിഷ്കർത്താക്കൾക്കൊപ്പമാണ് സമുദായത്തിലും സമൂഹത്തിലും വിപ്ലവങ്ങൾ സൃഷ്ടിച്ച ഈ പുരോഹിതനുമുള്ളത് എന്ന തിരിച്ചറിവ് നവോത്ഥാന കേരളത്തിന് ഉണ്ടാകേണ്ട കാലമായിരിക്കുന്നു. സത്യം ചെരിപ്പട്ടു പുറപ്പെടും മുൻപേ പല വട്ടം സത്യത്തെ വക്രീകരിച്ചും തമസ്കരിച്ചും അവഗണിച്ചും നുണയും അവളുടെ മക്കളും നിരന്തര സഞ്ചാരത്തിലാണ്. എങ്കിലും അധികമാരാലും ഓർമിക്കപ്പെടാതെ കടന്നു പോകുന്ന ഒരു ചരമവാർഷിക ദിനത്തിൽ ഇത്രയും ചരിത്രമെങ്കിലും ഓർമ്മിപ്പിക്കലായി മാറുന്നു.

Death anniversary of a shepherd who gave birth to a tenant.

Related Stories
ഞാൻ മരിക്കുന്നില്ലല്ലോ......  പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.

Jan 16, 2025 08:56 AM

ഞാൻ മരിക്കുന്നില്ലല്ലോ...... പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ.

ഞാൻ മരിക്കുന്നില്ലല്ലോ...... പ്രതീക്ഷ നൽകുന്ന ഹോപ്പ് പ്രകാശിപ്പിച്ച് ഫ്രാൻസിസ്...

Read More >>
കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി 3.

Jan 3, 2025 09:25 AM

കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി 3.

കേരളത്തിലെ യഥാർഥ സാമൂഹിക നവോത്ഥാന നായകൻ്റ ചരമ ദിനം - ജനുവരി...

Read More >>
ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ എംഎൽഎ

Dec 27, 2024 03:19 PM

ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ എംഎൽഎ

ഇന്ത്യയെ ഹൃദയത്തിൽ സൂക്ഷിച്ച ഒരാൾ: മാത്യു കുഴൽനാടൻ...

Read More >>
ഡോ.മൻമോഹൻ സിംഗ്  ആരായിരുന്നു? !!!

Dec 27, 2024 10:12 AM

ഡോ.മൻമോഹൻ സിംഗ് ആരായിരുന്നു? !!!

ഡോ.മൻമോഹൻ സിംഗ് ആരായിരുന്നു?...

Read More >>
ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം വരും....

Dec 12, 2024 01:31 PM

ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം വരും....

ജീവിക്കാൻ: മനുഷ്യരും വനം വകുപ്പും തമ്മിൽ തുറന്ന പോരാട്ടം...

Read More >>
മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ വായിക്കുക....

Dec 10, 2024 01:56 PM

മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ വായിക്കുക....

മനുഷ്യനാകണം മനുഷ്യനാകണം.. ഇന്ന് ലോക മനുഷ്യാവകാശദിനം. മനുഷ്യാവകാശ നിയമങ്ങളെ അറിയാൻ...

Read More >>
Top Stories